തൃത്താല മണ്ഡലത്തിൽ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
തൃത്താല മണ്ഡലത്തിൽ നടന്നുവരുന്ന വികസനോത്സവത്തിൻ്റെ ഭാഗമായി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നവീകരിച്ച വിവിധ റോഡുകൾ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഫണ്ട് അനുവദിച്ച ഭൂരിഭാഗം റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കുന്ന മണ്ഡലം തൃത്താലയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 259 റോഡുകൾക്ക് ഫണ്ട് അനുവദിച്ചതിൽ 200 റോഡുകളുടെ നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
7.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കപ്പൂർ പഞ്ചായത്തിലെ ആനക്കര കൗരിയിൽ റോഡ്, മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പട്ടിത്തറ പഞ്ചായത്തിലെ ആലൂർ വായനശാല റോഡ് , ആറ് ലക്ഷം രൂപ ചെലവിൽ നവീകരിച്ച ചിറ്റപ്പുറം ആലയത്ത് റോഡ്, എട്ട് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാശാമുക്ക് പാറപ്പുറം അങ്കണവാടി റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
