logo
AD
AD

പാലക്കാട് ജില്ലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സോഷ്യലിസവും അടക്കമുള്ള മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടാന്‍ ഓരോരുത്തരും തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.⁣ ⁣ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന വാദങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.⁣ ⁣ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് സാമ്പത്തിക അസമത്വമാണ്. ദരിദ്രരായ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യവും സാധാരണക്കാരന് മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനാധിപത്യം പൂർണ്ണമാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോ. രാം മനോഹർ ലോഹ്യ ഉയർത്തിയ പോരാട്ടങ്ങൾ നവഭാരത നിർമ്മിതിയിൽ ഇന്നും അനിവാര്യമാണ്. ഇന്ത്യയുടെ പാരമ്പര്യം സ്നേഹത്തിന്റേതാണ്. ജാതിമത പ്രാദേശിക വിഭജനങ്ങൾക്ക് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയിണക്കാൻ നമുക്ക് കഴിയണമെന്നും രാജ്യത്ത് ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന കർഷകരുടെ പ്രാധാന്യം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.⁣ ⁣ രാജ്യത്തിന് തന്നെ മാതൃകയായ ബദൽ വികസന സംസ്കാരമാണ് കേരളം പിന്തുടരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2025 നവംബർ ഒന്നിന് കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് സോഷ്യലിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായ ഭരണത്തിന്റെ വിജയമാണ്. ലോകത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രദേശമായി കേരളം മാറി. ക്ഷേമ പെൻഷനുകൾ 2000 രൂപയായി വർദ്ധിപ്പിച്ചതും, 31 ലക്ഷം സ്ത്രീകൾക്കായി നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പെൻഷനും പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലാണ് വ്യക്തമാക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും പാലക്കാടിന്റെ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയും സംസ്ഥാനത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാണെന്നും മന്ത്രി പറഞ്ഞു.⁣ ⁣ വൈദ്യുതി മേഖലയിൽ കഴിഞ്ഞ ഒൻപതര വർഷത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. സംസ്ഥാനത്ത് പവർ കട്ടോ ലോഡ്ഷെഡിങോ ഇല്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. 2016-ൽ 16 മെഗാവാട്ട് മാത്രമായിരുന്ന സൗരോർജ്ജ ഉത്പാദനം ഇന്ന് 2087 മെഗാവാട്ടായി ഉയർന്നു. വിതരണ നഷ്ടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കാനും കെ.എസ്.ഇ.ബി.യെ പ്രവർത്തന ലാഭത്തിൽ എത്തിക്കാനും സാധിച്ചു. 2040-ഓടെ നൂറുശതമാനം പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനുള്ള ലക്ഷ്യത്തിലാണ് കേരളമെന്നും മന്ത്രി പറഞ്ഞു.⁣ ⁣ കോട്ടമൈതാനിയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ആശാ ശര്‍മ്മ പരേഡ് നയിച്ചു. റിസര്‍വ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ജയന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കെ.എ.പി രണ്ടാം ബറ്റാലിയന്‍, പ്രാദേശിക പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ്,എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളിലായി 24 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ്, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.⁣ ⁣ മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.⁣ ⁣ സായുധ സേനാ വിഭാഗം: കെ.എ.പി രണ്ടാം ബറ്റാലിയന്‍, ജില്ലാ ആസ്ഥാന പൊലീസ്.⁣ നിരായുധ സേനാ വിഭാഗം: എക്സൈസ് വകുപ്പ്, വനം വകുപ്പ്⁣ എസ്.പി.സി ബോയ്സ് : ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാട്, ആശ്രാമം സ്കൂള്‍ മലമ്പുഴ.⁣ എസ്.പി.സി ഗേള്‍സ്: ഗവ. മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് പാലക്കാട്, ജി.എച്ച്.എസ്.എസ് കണ്ണാടി.⁣ സ്‌കൗട്ട്സ്: കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്.എസ് മൂത്താന്‍തറ, ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാട്.⁣ ഗൈഡ്സ്: ഗവ. മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് പാലക്കാട്, കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്.എസ് മൂത്താന്‍തറ.⁣ ⁣ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ നേടിയ മണ്ണാര്‍ക്കാട് കോട്ടോപ്പാടം കെ.എ.എച്ച് എച്ച്.എസ്.എസ് വിദ്യാര്‍ഥിയായ കെ. മുഹമ്മദ് സിദനാനെ ചടങ്ങില്‍ വെച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അനുമോദിച്ചു. മാര്‍ച്ച് പാസ്റ്റില്‍ ജേതാക്കളായവര്‍ക്കുള്ള സമ്മാനങ്ങളും ബാന്‍ഡ് സംഘത്തെ നയിച്ച സംഘത്തിനുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഇതോടൊപ്പം നടന്നു.⁣ ⁣ കെ. പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ്, ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്. ഷംസുദ്ധീന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.⁣

latest News