സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷ: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പാലക്കാട്: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 'സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷ' എന്ന വിഷയത്തിൽ പാലക്കാട് ലുലു മാളിലെ ജീവനക്കാർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിൽ രാത്രി യാത്രയ്ക്കിടെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കി, പ്രശ്നപരിഹാരത്തിനായി അവർ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രത്യേക അവബോധ ക്യാമ്പയിനുകൾ വനിതാ കമ്മീഷൻ നടത്തിവരുന്നുണ്ട്.
ലുലു മാൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. ഐശ്വര്യ വിഷയാവതരണം നടത്തി. ലുലു മാൾ എച്ച്.ആർ മാനേജർ ജി. രാകേഷ്, ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ അരുൺ ഗോകുൽ എന്നിവർ സംസാരിച്ചു.
