ഒരു ദിവസത്തെ വാടക രണ്ട് ലക്ഷം; കേരളത്തിൽ നികുതി അടയ്‌ക്കാതെ ഓടിയ റോൾസ് റോയിസിന് 12 ലക്ഷം പിഴയിട്ട് എംവിഡി
എടപ്പാൾ: പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ നികുതിയടക്കാതെ റെന്റ് എ കാർ ആയി ഓടിയ റോൾസ് റോയ്‌സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. മൂന്ന് കോടി രൂപയോളം വിലവരുന്ന കാർ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് അധികൃതർ പിടികൂടിയത്. കാർ വാടകയ്‌ക്കെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്വദേശിയായ ഉടമയ്‌ക്കെതിരെ നടപടിയാരംഭിച്ചു. 12,04,000രൂപയാണ് ഉടമയ്‌ക്ക് പിഴയിട്ടത്. മലപ്പുറം ജില്ലാ എൻഫോഴ്‌സ്‌മെന്റ് കോട്ടയ്‌ക്കൽ കൺട്രോൾ റൂം ഉദ്യോഗസ്ഥർ ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് കാർ കണ്ടെത്തി നിയമനടപടിയാരംഭിച്ചത്. എറണാകുളത്തുള്ള ഒരു ട്രാവൽ ഏജൻസി പ്രതിദിനം രണ്ട് ലക്ഷം രൂപ വാടകയ്‌ക്കാണ് ഈ കാർ വിട്ടുകൊടുത്തിരുന്നത്. വാഹന പരിശോധനയ്‌ക്കിടെ എംവിഐ എംവി അരുണിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ ചോദ്യംചെയ്‌തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. അടുത്തിടെ വിവാഹം കഴിഞ്ഞ വധൂവരന്മാർ കാറിലുണ്ടായിരുന്നു. എറണാകുളത്ത് നിന്ന് കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് ഇവര്‍ പറഞ്ഞു. വിലകൂടിയ കാറായതിനാല്‍ കസ്റ്റഡിയിലെടുക്കാനായില്ല. ലക്ഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ നവവധുവടക്കമുള്ളവരുടെ സുരക്ഷയും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. തുടർന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ച ഉദ്യോഗസ്ഥർ പിന്നീട് എറണാകുളത്തെത്തിയാണ് നിയമനടപടികൾ സ്വീകരിച്ചത്. കേരളത്തിലടയ്ക്കാനുള്ള നികുതിയും പിഴയുമെല്ലാമടക്കമാണ് 12,04,000 രൂപയുടെ നോട്ടീസ് ഉടമയ്ക്ക് നല്‍കിയത്. എഎംവിഐമാരായ പികെ മനോഹരന്‍, എം സലീഷ്, പി അജീഷ്, വി രാജേഷ് എന്നിവരും എംവിഡി സംഘത്തിലുണ്ടായിരുന്നു.