മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
പതിനാലാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സെമിനാര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും മാറിയ തലമുറയ്ക്കനുസരിച്ച വികസനത്തിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് എം.എല്‍.എ. അംഗങ്ങളെ ഓര്‍മപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി എല്ലാ മേഖലകളിലുമുള്ള വികസനവുമായി സഹകരിച്ച പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ ഐ.ടി., ജനകീയാസൂത്രണം തുടങ്ങിയ മേഖലകളില്‍ ജില്ല മികച്ച രീതിയില്‍ മുന്നേറി. വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജനം, ഗതാഗതം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടാവണം- എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം, വനിതാ-ശിശു വികസനം, തൊഴില്‍, വ്യവസായം, മത്സ്യത്തൊഴിലാളി ക്ഷേമം, കൃഷി, ടൂറിസം, പ്രവാസി കാര്യം, വയോജന പാര്‍ക്കുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നി പരിസ്ഥിതി സൗഹൃദ മലപ്പുറം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷരായ ജമീല ആലിപ്പറ്റ, കെ.ടി.അജ്മല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, എന്‍.എ.കരീം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ടി.അഷ്‌റഫ് ലക്ഷ്യമിടുന്ന പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.അസ്ലു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.രാജീവ് നന്ദിയും പറഞ്ഞു.
