വെട്ടിച്ചിറ ടോൾപ്ലാസയിലെ മലിനജല നിക്ഷേപം; കെ.എൻ.ആർ.സി.എല്ലിന് 25,000 രൂപ പിഴ ചുമത്തി ആതവനാട് പഞ്ചായത്ത്
വളാഞ്ചേരി: വെട്ടിച്ചിറ ടോൾപ്ലാസയോട് ചേർന്നുള്ള ടോയ്‌ലറ്റുകളിൽ നിന്നുള്ള മാലിന്യം അശാസ്ത്രീയമായി പുറന്തള്ളുന്നതിനെതിരെ ആതവനാട് ഗ്രാമപഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചു. പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യവും മലിനജലവും ശാസ്ത്രീയമായി സംസ്കരിക്കാതെ ഓവുചാലുകളിലൂടെ സമീപത്തെ തോട്ടിലേക്കും റോഡിലേക്കും ഒഴുക്കിവിടുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് കണ്ടെത്തിയത്.
ടോയ്‌ലറ്റുകൾ നിറഞ്ഞ് വിസർജ്യം കലർന്ന വെള്ളം ഓവുചാലുകളിലൂടെ ഒഴുകി പരിസരത്തെ വീടുകളിലേക്ക് വരെ എത്തുന്ന ദയനീയ അവസ്ഥയാണിവിടെയുള്ളത്. ഈ മാലിന്യങ്ങൾ അർളങ്ങാട് തോട്, ചോറ്റൂർ, കാവുങ്ങൽ തോട് എന്നിവിടങ്ങളിലേക്കാണ് നേരിട്ട് എത്തുന്നത്. ഇത് സമീപവാസികൾക്ക് പുറമെ ഈ തോടുകൾ കടന്നുപോകുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കും ഗുരുതരമായ ആരോഗ്യ ഭീഷണിയും പകർച്ചവ്യാധി സാധ്യതയും ഉയർത്തുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് പൊതുജനാരോഗ്യ നിയമപ്രകാരം കെ.എൻ.ആർ.സി.എൽ ജനറൽ മാനേജർക്ക് പഞ്ചായത്ത് സെക്രട്ടറി അടിയന്തര നോട്ടീസ് നൽകി. നിയമലംഘനത്തിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കണം. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം മുൻകൂട്ടി അറിയിപ്പില്ലാതെ ടോയ്‌ലറ്റുകൾ പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ആരോഗ്യവും ജലസ്രോതസ്സുകളും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദ് വ്യക്തമാക്കി.
