നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. മാമുക്കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ട്. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം.
നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.