യുവജന കമ്മീഷന്‍ യുവപ്രതിഭാ, യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യുവപ്രതിഭാ, യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ചടങ്ങ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്. ഏഷ്യയിലെ ആദ്യത്തെ 'ഹാന്‍ഡ്‌സ്-ഫ്രീ' വനിതാ ഡ്രൈവറായ ജിലുമോള്‍ മരിയറ്റ് തോമസ് (ഇടുക്കി), യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ലിഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശാരദാ ദേവി(തിരുവനന്തപുരം), പഞ്ചഗുസ്തി ദേശീയ താരം അമല്‍ ഇക്ബാല്‍(മലപ്പുറം) എന്നിവര്‍ യുവപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി. യൂത്ത് ഐക്കണ്‍ അവാര്‍ഡ് ചലച്ചിത്രതാരം കല്യാണി പ്രിയദര്‍ശന്‍ (കല/സാംസ്‌കാരികം), അമല്‍ പിരപ്പന്‍കോട് (സാഹിത്യം), പി. മുഹമ്മദ് അഫ്സല്‍ (കായികം), ആര്‍. വിഷ്ണുരാജ് (കൃഷി/മൃഗസംരക്ഷണം), വിമല്‍ ഗോവിന്ദ് (വ്യവസായം/സാങ്കേതികവിദ്യ), നിലീന അത്തോളി (മാധ്യമം) എന്നിവരും സ്വീകരിച്ചു. കമ്മീഷന്‍ അംഗങ്ങളായ വി.എ വിനീഷ് സ്വാഗതവും എച്ച്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ആര്‍ സന്തോഷ് കുമാര്‍, യുവജന കമ്മീഷന്‍ അംഗങ്ങളായ പി.സി ഷൈജു, കെ. ഷാജഹാന്‍, അഡ്വ. അബേഷ് അലോഷ്യസ്, പി.സി വിജിത, പി.പി രണ്‍ദീപ്, ബി. നിസാമുദ്ധീന്‍, അഡ്വ. ബിബിന്‍ വര്‍ഗീസ്, എസ്.കെ മൃദുല, യുവജന കമ്മീഷന്‍ സെക്രട്ടറി ദീപാ സുരേന്ദ്രന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആര്‍. ഹരിനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
