logo
AD
AD

പി.കെ. ശശിയെ പുറത്താക്കി സിപിഎം; നടപടി വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.⁣ ⁣ പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്‌. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു.⁣ ⁣ പാലക്കാട് സിപിഎമ്മിലെ വിമതർ ചേർന്ന് മാർക്‌സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുമാണ് നീക്കം നടത്തുന്നത്‌. ഭാവിയിൽ പാർട്ടിയായി മാറാനും യുഡിഎഫുമായി ചേരാനുമാണ് ആലോചനകൾ. ⁣ ⁣ ഇന്ന്പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽവെച്ച് നടന്ന വിമതരുടെ കൺവെൻഷനിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് പി.കെ. ശശി ഉന്നയിച്ചത്. പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയെ കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി എന്നായിരുന്നു അദ്ദേഹം കൺവെൻഷനിൽ ആരോപിച്ചത്. ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നുമായിരുന്നു ശശി വിശേഷിപ്പിച്ചത്.⁣ ⁣ കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും കൺവെൻഷനിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസിക പിന്തുണ തങ്ങൾക്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് നേതാവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ് പറഞ്ഞു.

Latest News

latest News