സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും; ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം, സത്യപ്രതിജ്ഞ ശനിയാഴ്ച

അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ കർണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ വ്യാഴാഴ്ച പുലര്‍ച്ചെ 2.40-ഓടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആദ്യ ടേമിൽ സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രിപദം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും. കര്‍ണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന്, മുഖ്യമന്ത്രി പദം രണ്ടു ടേമുകളിലായി പങ്കിടുക എന്ന ഫോര്‍മുലയായിരുന്നു ഖാര്‍ഗെ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതില്‍ സമവായം ഉണ്ടാക്കാനായില്ല. തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം ഉണ്ടായത്.