logo
AD
AD

പുത്തൂർ ജംഗ്ഷനിൽ സുരക്ഷാ സംവിധാനങ്ങൾക്ക് ഭരണാനുമതി

കോട്ടക്കൽ: തുടർച്ചയായ വാഹനാപകടങ്ങൾ മൂലം ഭീതിയിലായിരുന്ന പുത്തൂർ ജംഗ്ഷനിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി 25 ലക്ഷം രൂപയുടെ അടിയന്തര മരാമത്ത് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കോട്ടക്കൽ-മഞ്ചേരി, പെരിന്തൽമണ്ണ റോഡുകളും ബൈപാസും സംഗമിക്കുന്ന ഈ പ്രധാന ജംഗ്ഷനിൽ യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജംഗ്ഷനിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി ജനുവരി 29-ന് മലപ്പുറം ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 3-ന് കളക്ടറുടെ നേതൃത്വത്തിൽ മരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നു. തുടർന്ന് നടന്ന സംയുക്ത പരിശോധനയ്ക്കും ചർച്ചകൾക്കും ശേഷമാണ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായത്.

അരിച്ചോൾ ഇറക്കത്തിൽ ലൈറ്റോടു കൂടിയ മുന്നറിയിപ്പ് സൈൻബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലും കട്ടകൾ പാകി വിപുലീകരിക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഇത് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ അറിയിച്ചു.

latest News