കാറിലെ രഹസ്യ അറയിൽ നിന്ന് 47 ലക്ഷം രൂപ പിടികൂടി
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ അങ്ങാടിപ്പുറം ജംഗ്ഷനിൽ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 47 ലക്ഷം രൂപ പിടികൂടി. മലപ്പുറം എറനാട് സ്വദേശി സാദിഖ് അലി (58) സഞ്ചരിച്ചിരുന്ന KL 09 AH 7207 നമ്പർ ആൾട്ടോ കാറിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളോടൊപ്പം ഭാര്യയും വാഹനത്തിലുണ്ടായിരുന്നു. സ്വർണം പണയം വെച്ച് ലഭിച്ച 15 ലക്ഷം രൂപയും ബാക്കി തുക സ്ഥലമിടപാടിനായി കരുതിയതാണെന്നുമാണ് സാദിഖ് അലി പോലീസിനോട് പറഞ്ഞത്. എന്നാൽ കാറിൽ പണം സൂക്ഷിക്കാൻ രഹസ്യ അറ ഒരുക്കിയതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടർന്നു വരുന്നുണ്ട്.
