logo
AD
AD

മഞ്ചേരിയിലെ റോഡ് വികസനത്തിന് 75 കോടി

മലപ്പുറം: മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കായി 75 കോടി രൂപ അനുവദിക്കുമെന്നും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് വികസമവുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം വിളിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും നഗര വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത ജനപ്രനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ റോഡുകളുടെ നവീകരണം, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, മണ്ഡലത്തിലെ മറ്റു പദ്ധതികള്‍ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കണമെങ്കില്‍ സ്ഥലം ഉടമകള്‍, ജനപ്രിതിനിധികള്‍, നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും സഹകരിക്കണം. ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മ്മിക്കുക എളുപ്പമല്ല. അതിനാല്‍ സൗജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയ്യാറാകണം. എങ്കില്‍ കാലതാമസമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. റോഡ് വികസനത്തിന് ആവശ്യത്തിന് പണം ലഭ്യമാക്കും. കഴിഞ്ഞ 10 വര്‍ഷമായി റോഡ് വികസനം നടക്കാത്ത പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. അത്തരം പ്രദേശങ്ങളിലേക്ക് വികസനമെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതിന് പണം തടസ്സമാകില്ല. നാടുകാണി-പരപ്പനങ്ങാടി പാതക്ക് 400 കോടിയിലധികം തുക മാറ്റിവെക്കുകയും പ്രവര്‍ത്തി തുടങ്ങുകയും ചെയ്താണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. അതിന് ശേഷം കഴിഞ്ഞ 10 വര്‍ഷവും നിര്‍മ്മാണ പ്രവര്‍ത്തിയൊന്നും നടന്നില്ല. ഈ പദ്ധതിക്കുവേണ്ടി റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ആറ് എം.എല്‍.എമാരുമൊത്ത് പല തവണ യോഗം ചേരുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും നടന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികരത്തിലെത്തിയപ്പോള്‍ തന്നെ നാടുകാണി പാതയില്‍ 50 കോടി രൂപ അനുവദിച്ചു. മഞ്ചേരിയിലും റോഡ് വികസനത്തിന് സര്‍ക്കാര്‍ തയ്യാറാണ്. അതിന് എല്ലാവരും സഹകരിക്കണം. തുറക്കല്‍ ജംഗ്ഷനില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധ സംഘം പരിശോധന നടത്തും. ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെങ്കില്‍ ഭൂമി സൗജന്യമായി ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനം ജനപ്രതിനിധികള്‍ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഡ്വ.എം.റഹ്‌മത്തുള്ള എം.എല്‍.എ,നഗരസഭ ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, മുന്‍ എം.എല്‍.എ അഡ്വ.യു.എ.ലത്തീഫ് എന്നിവര്‍ നഗര വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിലവിലുള്ള സ്ഥിതിയും മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.


latest News