logo
AD
AD

പുതുപ്പറമ്പ് ഗവ. എച്ച്.എസ്.എസിൽ ലാബ് കോംപ്ലക്സിന് തറക്കല്ലിട്ടു

മലപ്പുറം: പൊതുവിദ്യാഭ്യാസ രംഗത്തെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന അത്യാധുനിക ലാബ് കോംപ്ലക്സിന്റെ തറക്കല്ലിടൽ കർമം പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കാനും പഠനവിഷയങ്ങളിൽ ഗവേഷണ താല്പര്യം വളർത്തിയെടുക്കാനും മുന്നോട്ടുവരണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പുതിയ കാലഘട്ടത്തിന് അനുയോജ്യമായി ശാക്തീകരിക്കുന്നതിനായി 'ഡിജിറ്റൽ സ്ക്വയർ', ഹൈസ്കൂൾ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിചയപ്പെടുത്തുന്ന 'എറൈസ്(ARAISE) തുടങ്ങിയ സാങ്കേതിക പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികളോട് ആഗോളതലത്തിൽ മത്സരിക്കേണ്ടതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം ലോകോത്തര നിലവാരമുള്ളതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹയർ സെക്കൻഡറി തലത്തിൽ സയൻസ് ബാച്ചുകൾ ഉൾപ്പെടെയുള്ള പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് ഇത്തരം മികച്ച ലാബ് സൗകര്യങ്ങൾ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പി. എം. എ. സമീർ എം. എൽ. എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾക്ക് വേവ്വേറെ അത്യാധുനിക ലാബുകൾ പ്രവർത്തിക്കുന്ന രീതിയിലാണ് ഡിസൈൻ. കഴിഞ്ഞ 18 വർഷമായി തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നിലനിർത്തുന്ന വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബുത്വഹിർ, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ്റൈഹാന ബീഗം, എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ടി.അബ്ദുസമദ്, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ വി.ടി സുബൈർ തങ്ങൾ, സ്ഥിരം സമിതി അധ്യക്ഷ റുബൈദ പത്തൂർ, പി.ഡബ്ലിയു.ഡി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, വിവിധ വാർഡ് അംഗങ്ങൾ, അധ്യാപകർ, പി. ടി. എ. പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പി. ടി. എ. പ്രസിഡന്റ്‌ ബഷീർ കൂരിയാടൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.


latest News