'ദിശ' യോഗം ചേര്‍ന്നു
പാലക്കാട്: ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ നിസംഗത മൂലം കേന്ദ്രഫണ്ട് പാഴാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും മന്ത്രി കെ.എ തുളസി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നതിന് കൃത്യമായ പ്രൊപ്പോസലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടോപ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ ഹാളില്‍ ചേര്‍ന്ന 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ കൃത്യമായ ഫോളോ അപ്പ് നടത്തണം. ജീവനക്കാരുടെ കുറവും ജോലിഭാരവും പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. പി.എം. ജന്‍-മന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രൊപ്പോസലുകള്‍ നിലവില്‍ നല്‍കിയിട്ടുണ്ടെന്നും അടുത്തഘട്ട ചര്‍ച്ചകളില്‍ കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി നടത്തിപ്പില്‍ ജില്ലയെ ഒന്നാമതെത്തിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ വി. കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയിലെത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി ലക്ഷ്യം കൈവരിക്കണം. അനുവദിക്കപ്പെട്ട തുക സമയബന്ധിതമായി വിനിയോഗിക്കണം. പദ്ധതികളുടെ മേല്‍നോട്ടത്തിലും ഫോളോ-അപ്പിലും സംസ്ഥാനത്ത് മുന്‍പന്തിയിലാണ് പാലക്കാട് ജില്ല. ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുതല ഗ്രാമസഭകളിലും പദ്ധതി വിവരങ്ങള്‍ ചര്‍ച്ചയാക്കി അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കണമെന്നും എം.പി. കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം വിവിധ പദ്ധതികളിലൂടെ ജില്ലയിലേക്ക് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ പ്രോജക്റ്റുകള്‍ തിരഞ്ഞെടുക്കണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. അേര്‍ഹരായ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ഷക്കീന, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സുരേഷ്, ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ബാബു, ദിശ കണ്‍വീനര്‍ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
