ക്ഷയരോഗ നിവാരണം: ടി.ബി മുക്ത് ഭാരത് യോഗം ചേര്‍ന്നു
പാലക്കാട് ജില്ലയിലെ ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതല ടി.ബി. മുക്ത് ഭാരത് സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ക്ഷയരോഗ നിവാരണത്തിനായി ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സ ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനായി ആരോഗ്യ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. എന്‍.സി.സി, കോളജ് വിദ്യാര്‍ഥികളുടെ വൊളന്റിയര്‍ ഗ്രൂപ്പ് തയ്യാറാക്കുകയും ജില്ലാ ടി ബി ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍, ടി ബി പരിശോധന, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ അഞ്ച് ദിവസത്തെ പരിശീലനം നല്‍കും. ടി ബി കണ്ടെത്തുന്നതിനുള്ള നിക്ഷയ് ശിവര്‍ ക്യാമ്പുകള്‍ കൂടുതലായി സംഘടിപ്പിക്കും. സ്‌കൂള്‍ കോളജുകള്‍ക്ക് സ്ഥാപനത്തിന് സമീപ പ്രദേശത്തെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്തും. പ്രശ്‌നോത്തരി മത്സരം, ചുമര്‍ ചിത്രം, തെരുവുനാടകം, സാമൂഹികമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ മജീദ് അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അഹമ്മദ് അഫ്സല്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി.വി ഗീത, ജില്ലാ യൂത്ത് ഓഫീസര്‍, എന്‍.സി.സി ഗ്രൂപ്പ്/ യൂണിറ്റ് കമാന്‍ഡര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
