വിദ്യാരംഭ ദിനം: തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരൂർ: തുഞ്ചൻപറമ്പിലെ വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് തിരൂർ നഗരത്തിലും ചമ്രവട്ടം പാതയിലും ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരൂർ പൊലീസ് അറിയിച്ചു. ഹെവി വാഹനങ്ങളും ദീർഘദൂര വാഹനങ്ങളും ദേശീയപാത വഴി മാത്രമേ കടന്നുപോകാവൂ. തൃശ്ശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കുറ്റിപ്പുറം–വളാഞ്ചേരി–കോട്ടക്കൽ വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി–കോട്ടക്കൽ–വളാഞ്ചേരി വഴിയും പോകണം. വിദ്യാരംഭത്തിനായി കുട്ടികളുമായി തുഞ്ചൻപറമ്പിലേക്ക് എത്തുന്ന വാഹനങ്ങൾ പൂങ്ങോട്ടുകുളം ഭാഗത്ത് ആളുകളെ ഇറക്കണം. തുടർന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, ബിയാൻകോ ഓഡിറ്റോറിയം, ഖലീസ് റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാം. പച്ചാട്ടിരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ ഷിഹാബ് തങ്ങൾ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ പാർക്കിങ് സ്ഥലത്ത് നിർത്തണം. പൂങ്ങോട്ടുകുളം–തുഞ്ചൻ റോഡിൽ വാഹനങ്ങൾ കടത്തിവിടില്ല. നിർദേശിച്ച പാർക്കിങ് സ്ഥലങ്ങൾക്കു പുറമേ പൂങ്ങോട്ടുകുളം മുതൽ കെ.ജി. പടി, താഴെപ്പാലം വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിലക്കുണ്ട്. ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
