കർഷക ബാല്യം പുരസ്കാരം സമർപ്പിച്ചു
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനമായ ചിങ്ങം ഒന്നിനോടനുബന്ധിച്ച് ബാലകർഷകനായ കടുങ്ങപുരം ഗവ. സ്കൂൾ പത്താംതരം വിദ്യാർഥി അൻഷിഫ് കണ്ണംപള്ളിയാലിന് ‘കർഷക ബാല്യം’ പുരസ്കാരം സമ്മാനിച്ചു. മങ്കട നിയോജക മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി പുരസ്കാരം കൈമാറി. സ്കൂൾ കൃഷിക്കൂട്ടം, ദേശീയ ഹരിതസേന, സോഷ്യൽ ഫോറസ്ട്രി ക്ലബ്, മാതൃഭൂമി സീഡ് ക്ലബ് തുടങ്ങിയ കൃഷി-പരിസ്ഥിതി കൂട്ടായ്മകളിലെ സജീവ പങ്കാളിയാണ് അൻഷിഫ്. ചെറുപ്പത്തിൽ തന്നെ കൃഷിയിലേക്ക് ആകർഷിച്ചത് പരമ്പരാഗത കർഷകയായ മുത്തശ്ശി ഫാത്തിമയാണ്. ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവിളകൾക്കൊപ്പം പയർ, മത്തൻ, വഴുതിന, ചീര, മുളക്, കപ്പ, വാഴ തുടങ്ങിയവയും അൻഷിഫ് ജൈവരീതിയിൽ കൃഷി ചെയ്യുന്നുണ്ട്. അധ്യാപകനും സ്കൂൾ കൃഷി-പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്ററും സോഷ്യൽ ഫോറസ്ട്രി ഗ്രീൻ കൺസർവേറ്ററും പരിസ്ഥിതി പ്രവർത്തകനുമായ സിദ്ദീഖ് ജെറീക്കയുടെ പിന്തുണയും അൻഷിഫിന് പ്രോത്സാഹനമായി കൂടെയുണ്ട്. കടുങ്ങപുരം പള്ളിക്കുളമ്പ് കണ്ണംപള്ളിയാലിൽ യൂസുഫിന്റെയും സാജിദയുടെയും മകനാണ് അൻഷിഫ്. അൻഷിഫ അജ്‌വ സഹോദരിയാണ്. രാമപുരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അബൂബക്കർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നസ്മി അബ്ദുൽ ഖാദർ, ജുവൈരിയ, അമ്പിളി പുന്നക്കാട്ടുകുഴി, അലി പി.കെ., മുഹമ്മദലി മഞ്ഞളാംകുഴി, സഫിയ ഉരുണിയേങ്ങൽ, സുകുമാരൻ സി., സാദിഖലി കരുവള്ളി പാത്തിക്കൽ, സുമലത, സൈനുദ്ദീൻ മാസ്റ്റർ, ഫസലുദ്ദീൻ, അബ്ദുൽ അസീസ് പേങ്ങാട്, ബീനാ സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
