logo
AD
AD

എം സഹജീവനം: വേങ്ങരയില്‍ കേരളത്തിലെ ആദ്യ സമഗ്ര ഭിന്നശേഷി സെന്‍സസിന് വിജയത്തുടക്കം

ഭിന്നശേഷിക്കാരുടെ സമഗ്രവും ശാസ്ത്രീയവുമായ വിവരശേഖരണത്തിനായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'എം സഹജീവനം' സമഗ്ര ഭിന്നശേഷി സെന്‍സസിന്റെ പൈലറ്റ് സര്‍വേ വേങ്ങര ഗ്രാമപഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയായി. ഭിന്നശേഷിക്കാരുടെ വീടുകള്‍ ജിയോ ടാഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കണ്ടെത്തി വിവിധ വിഭാഗങ്ങളിലായി വിവരങ്ങള്‍ ശേഖരിച്ചാണ് പൈലറ്റ് സര്‍വേ പൂര്‍ത്തിയാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, കെ.എസ്.എസ്.എം.വയോമിത്രം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെയും ഭിന്നശേഷിക്കാരെ വിവിധ വിഭാഗങ്ങളായി ക്രമീകരിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് വീടുകളിലെത്തി നേരിട്ട് വിവരശേഖരണം നടത്തിയാണ് സെന്‍സസ് പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി നേരിട്ട് വിവരശേഖരണം നടത്തിയാണ് പൈലറ്റ് സര്‍വേയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസ്ലു, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബ്‌ന ഇബ്രാഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മജീദ് വള്ളിക്കാടന്‍, കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്, പറമ്പില്‍ കാദര്‍, രാധാകൃഷ്ണന്‍ മാഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍വേ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നതിനും ഫീല്‍ഡില്‍ നിന്നുള്ള സംശയങ്ങള്‍ക്കും സാങ്കേതിക പ്രയാസങ്ങള്‍ക്കും തത്സമയം പരിഹാരം കണ്ടെത്തുന്നതിനുമായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ മുറിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും വാര്‍ഡ് അടിസ്ഥാനത്തിലുള്ള ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജീകരിച്ചിരുന്നു. ജില്ലയിലെ കെ.എസ്.എസ്.എം. വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഹെല്‍പ് ഡെസ്‌കുകള്‍ക്ക് നേതൃത്വം നല്‍കി. ഇതിലൂടെ ഫീല്‍ഡ് ടീമുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും നിര്‍ദേശങ്ങളും ഉടന്‍ ലഭ്യമാക്കാന്‍ സാധിച്ചു. വേങ്ങരയില്‍ വിജയകരമായി പരീക്ഷിച്ച മാതൃക ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പാക്കി ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും സമഗ്ര വിവരശേഖരണം നടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര അറിയിച്ചു.


latest News