കേരള ജൈവ കർഷക സമിതി ഇലക്കറി മേളയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു
തൃത്താല: മാറുന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണരീതികളും മനുഷ്യരുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ബോധവൽക്കരണം പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കേരള ജൈവ കർഷക സമിതി മുടവനൂർ അരിക്കത്ത് മനയിൽ ഇലക്കറി മേളയും ഏകദിന ശിൽപശാലയും സംഘടിപ്പിച്ചു. പഞ്ഞമാസങ്ങളിൽ പഴയ തലമുറ പിന്തുടർന്നിരുന്ന ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധ ഇലക്കറികളുടെ പ്രദർശനവും നടന്നു. കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് എം.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ. ദിലീപ് സംഘടനയെ പരിചയപ്പെടുത്തി. പാരമ്പര്യ കർഷകനായ മഠത്തിക്കുന്നത്ത് ശങ്കരനാരായണനെ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രീത, ഫാം നെറ്റ് എം.ഡി ഇ.എം. ഉണ്ണികൃഷ്ണൻ, എം.ടി. അച്യുതൻ മാസ്റ്റർ, എ.പി. ശക്തി, വി.പി. മുഹമ്മദാലി, അഡ്വ. കെ.വി. മനോജ് എന്നിവർ സംസാരിച്ചു. "മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണം" എന്ന വിഷയത്തിൽ കെ.പി. ഇല്ല്യാസും "നിത്യജീവിതത്തിൽ ഇലക്കറിയുടെ ആവശ്യം" എന്ന വിഷയത്തിൽ സി. രാജഗോപാലും ക്ലാസുകൾ നയിച്ചു. ബ്രഹ്മദത്തൻ മോഴിക്കുന്നത്ത് മോഡറേറ്ററായിരുന്നു. ഡോ. എ.ആർ. രാമചന്ദ്രൻ സ്വാഗതവും സി. രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
