logo
AD
AD

തൃത്താല സർക്കാർ ആശുപത്രി കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാക്കും: വി. ടി. ബൽറാം എംഎൽഎ

തൃത്താല: സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം അടിയന്തരമായി മാറ്റാൻ തീരുമാനമായി. വി. ടി. ബൽറാം എംഎൽഎയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ആശുപത്രി കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 12 കോടി രൂപയിൽ 9 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറിയതായി യോഗം വിലയിരുത്തി. ശേഷിക്കുന്ന ചുറ്റുമതിൽ, പ്രവേശന കവാടം, പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് സ്ഥിരം വൈദ്യുതി കണക്ഷൻ നൽകൽ, അപ്രോച്ച് റോഡ് നിർമ്മാണം, കെട്ടിടത്തിന് മുൻവശത്ത് കട്ടവിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ എംഎൽഎ നിർദേശം നൽകി. താൽക്കാലിക വൈദ്യുതി കണക്ഷൻ ഉപയോഗപ്പെടുത്തി നിർമാണം പൂർത്തിയായ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം ഉടൻ മാറ്റുന്നതിനുള്ള എച്ച്എംസി കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുമെന്നും യോഗത്തിൽ അറിയിച്ചു. യോഗത്തിൽ തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ, വൈസ് പ്രസിഡന്റ് കെ. സുജാത, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Latest News

latest News