പാചക തൊഴിലാളികൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
പൊന്നാനി ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന 61 സ്കൂളുകളിലെ 75ഓളം പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വെള്ളീരി ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടി പൊന്നാനി താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദർശ് ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഫോറം പ്രതിനിധി ജബ്ബാർ അധ്യക്ഷനായി. ആരോഗ്യ-ശുചിത്വം, അഗ്നിസുരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ പ്രാഥമിക ചികിത്സ, ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികളുടെ ചുമതലകൾ തുടങ്ങിയ വിഷയങ്ങളിൽ ആദർശ്, പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഓഫീസർമാരായ വിനയശീലൻ, ജോബി ജോൺ, നൂൺമീൽ ഓഫീസർ സന്ദീപ് എന്നിവർ ക്ലാസുകൾ നയിച്ചു. പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജിതേഷ് ആശംസകൾ നേർന്നു. സന്ദീപ് നന്ദി രേഖപ്പെടുത്തി.
