ഓപ്പറേഷൻ തണ്ടർ: വളാഞ്ചേരിയിൽ മൂന്ന് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
വളാഞ്ചേരി: ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ ഭാഗമായി എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ മൂന്ന് കിലോയോളം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി റാസിക്കുൾ ഇസ്ലാമിനെയാണ് (30) 2.985 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച (03-11-2026) രാത്രിയിൽ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് (EE & ANSS) ഇൻസ്പെക്ടർ തൻസീർ താഹയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി വളാഞ്ചേരി വടക്കുംപുറം ഭാഗത്താണ് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ ഇ., അഖിൽദാസ് ഇ., സച്ചിൻദാസ് വി., അമിത് കെ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അനീസ് ബാബു എന്നിവരും പങ്കെടുത്തു.
