logo
AD
AD

വാൽപ്പാറ ദുരന്തത്തിൽ മരിച്ച അധ്യാപകരുടെ ഓർമ്മയ്ക്കായി പാങ്ങ് ജി.എൽ.പി സ്കൂളിൽ 'സ്മൃതിലയം' ഒരുങ്ങി

പാങ്ങ്: വാൽപ്പാറ ദുരന്തത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ അധ്യാപകരുടെ സ്മരണയ്ക്കായി പാങ്ങ് ജി.എൽ.പി സ്കൂളിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ഒരുക്കിയ 'സ്മൃതിലയം' പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി പദ്ധതിയുടെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവ്വഹിച്ചു. വിട്ടുപിരിഞ്ഞ അധ്യാപകർ സമൂഹത്തിന് നൽകിയ സേവനങ്ങൾ വിസ്മരിക്കാനാവാത്തതാണെന്നും അവരുടെ സ്വപ്നങ്ങൾ കുട്ടികളുടെ മികച്ച പഠനാന്തരീക്ഷത്തിലൂടെ പൂവണിയുന്നതാണ് യഥാർത്ഥ ആദരാഞ്ജലിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ശാരീരിക, ബൗദ്ധിക, മാനസിക, സർഗ്ഗാത്മക കഴിവുകൾ സമഗ്രമായി വികസിപ്പിക്കാനും പഠനം ആനന്ദകരമാക്കാനുമാണ് 'സ്മൃതിലയം' ലക്ഷ്യമിടുന്നത്. വാൽപ്പാറ ദുരന്തത്തിൽ ഇല്ലാതായ അധ്യാപകരുടെ വലിയൊരു സ്വപ്നമായിരുന്നു ഇത്. കെ.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മങ്കട സബ് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ക്ലാസ് മുറികൾ ശീതീകരിക്കുകയും ചെയ്തു. കൂടാതെ ആധുനിക നിലവാരത്തിലുള്ള ഇൻഡോർ പ്ലേ ഏരിയ, പഞ്ചേന്ദ്രിയ വികാസ കേന്ദ്രം (Sensory Development Centre), ക്രിയേറ്റീവ് ഡ്രോയിംഗ് കോർണർ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഇ.എസ് അജിത്ത് ലൂക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ സലാം, വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. അബ്ദുൽ അസീസ്, വാർഡ് അംഗം പി.കെ ഉമ്മുഹബീബ, കെ.എസ്.ടി.എ ഭാരവാഹികളായ ആർ.കെ ബിനു, സി.ടി ശ്രീജ, കെ. വീരാപ്പു, ഷൈജി ടി മാത്യു, എ.പി ബിജു, കെ. അഹമ്മദ് കുട്ടി, പി. നജീബ്, കെ.വി അലി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. സരിത സ്വാഗതവും മങ്കട സബ് ജില്ലാ സെക്രട്ടറി കെ. ശ്രീജ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


latest News