കൂട്ടുകാരെ കാണാൻ ക്ലാസ് മുറിയിലെത്തി വാൽപാറ ചുരം അപകടത്തിൽ പരിക്കേറ്റ ഷഹദ്
കൊളത്തൂർ: വാൽപാറ ചുരം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി മുഹമ്മദ് ഷഹദിന് ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂളിൽ സ്വീകരണം നൽകി. തൻ്റെ പ്രിയപ്പെട്ട സഹപാഠികളെ കാണണമെന്നും കുറച്ചുസമയം ക്ലാസ് മുറിയിൽ ഒപ്പമിരിക്കണമെന്നുമുള്ള ഷഹദിന്റെ ആഗ്രഹം അധ്യാപകരും വിദ്യാലയവും ചേർന്ന് സാക്ഷാത്കരിക്കുകയായിരുന്നു. നിലവിൽ ചട്ടിപ്പറമ്പിലുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷൻ സെൻ്ററിൽ തീവ്ര ചികിത്സയിലാണ് ഷഹദ്. തുടർപരിശോധനകൾക്കായി വരുന്ന വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് തൻ്റെ ക്ലാസ് മുറിയിലേക്ക് ഷഹദ് എത്തിയത്. വിദ്യാലയ മുറ്റത്തെത്തിയ ഷഹദിനെ ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് കടമ്പോട്ട് ബൊക്ക നൽകി വരവേറ്റു. വീൽചെയറിലിരുന്ന് ക്ലാസ്സിലെത്തിയ ഷഹദ് സഹപാഠികൾക്കൊപ്പം മധുരം പങ്കിടുകയും സ്കൂളിലെ ഉച്ചഭക്ഷണം ഒപ്പമിരുന്ന് കഴിക്കുകയും ചെയ്തു. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയ കൂട്ടുകാരനെ കണ്ട സന്തോഷത്തിലും ആവേശത്തിലുമായിരുന്നു സഹപാഠികൾ. റിഹാബിലിറ്റേഷൻ സെൻ്ററിൽ നിന്ന് ഷഹദിനെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും അധ്യാപകരായ സി.പി. ഇസ്സുദ്ദീൻ മാസ്റ്റർ, എ. അബ്ദുൽ ഗഫൂർ മാസ്റ്റർ, പി. നിഷാദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
