ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും, ക്രമക്കേട് കണ്ടാല്‍ ലൈസന്‍സ് പോകും

ടാക്‌സിവാഹനങ്ങള്‍ ഓണ്‍ലൈനായി ബുക്കുചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കൂടുതല്‍ ഈടാക്കാന്‍പാടില്ലെന്ന ശുപാര്‍ശയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിയന്ത്രിക്കാനായി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കി. ടിക്കറ്റ് റിസര്‍വേഷനിലുള്‍പ്പെടെയാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ കൊണ്ടുവരുക. ബുക്കിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം, അടിസ്ഥാനസൗകര്യങ്ങള്‍, യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.
ബുക്കിങ് സ്വീകരിക്കുന്നതിനും റദ്ദാക്കുന്നതിനും സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ യാത്രക്കാരന് പരാതിപ്പെടാം. ക്രമക്കേട് കാട്ടിയാല്‍ ഏജന്‍സിയുടെ ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം ഓണ്‍ലൈന്‍ സൈറ്റുകളെ നിയന്ത്രിക്കാന്‍ തയ്യാറാക്കിയ നയം അടിസ്ഥാനമാക്കിയാണ് ഈ കരടുരേഖയും തയ്യാറാക്കിയത്. ശുപാര്‍ശകള്‍ ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
കേന്ദ്രനയത്തില്‍നിന്ന് വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങളെ സംരക്ഷിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ അഗ്രഗേറ്റര്‍ നയം തയ്യാറാക്കുക. സംസ്ഥാനത്തുനിന്ന് ബുക്കിങ് എടുക്കുന്ന ഏജന്‍സികളെല്ലാം ലൈസന്‍സ് എടുക്കണം.