ഭാരത സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം സമാപിച്ചു
പാലക്കാട്: 'ഭാരത സെന്‍സസ് 2027'-ന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി മൂന്ന് ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കിയത്. സെന്‍സസ് ആശയങ്ങള്‍, ഷെഡ്യൂളുകള്‍, ഫീല്‍ഡ് നടപടിക്രമങ്ങള്‍ എന്നിവയുടെ സമഗ്രമായ പരിചയപ്പെടുത്തലാണ് പരിശീലന ക്ലാസുകളില്‍ പ്രതിപാദിച്ചത്.
പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്ന സെന്‍സസ് നടപടികളുടെ ഭാഗമായി, വിവരശേഖരണം, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരണം എന്നിവയില്‍ ട്രെയിനര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. കൂടാതെ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭവനങ്ങളുടെ ലിസ്റ്റ് ശേഖരിക്കുന്നതിനെക്കുറിച്ചും ക്ലാസുകളില്‍ വിശദമായ ചര്‍ച്ച നടന്നു.
തുടര്‍ന്ന് ട്രെയിനര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെന്‍സസ് ഓഫിസറും ആര്‍. ഡി.ഒയുമായ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നപരിപാടിയില്‍ ചിറ്റൂര്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍.എസ് ബ്രിജേഷ്,നാഷണല്‍ ട്രെയിനര്‍ എന്‍. സുരേഷ്,സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള പരിശീലക ഗായത്രി സുരേഷ് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. സെന്‍സസ് നോഡല്‍ ഓഫീസര്‍ പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.
