logo
AD
AD

മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിന്‍റെയും മൗലികാവകാശം -ഹൈകോടതി

കൊച്ചി: മുലയൂട്ടൽ അമ്മയുടെയും മൂലയൂട്ടപ്പെടൽ കുഞ്ഞിന്‍റെയും മൗലികാവകാശത്തിന്‍റെ ഭാഗമാണെന്ന് ഹൈകോടതി. ഈ അവകാശം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. ഒരു വയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമ സമിതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നിരീക്ഷണം.⁣ ⁣ അമ്മയുടെ കരുതലും സ്നേഹവും സാന്ത്വനവും കുഞ്ഞിന് ഒരുമാസമായി നഷ്ടമായിരിക്കുകയാണെന്നും ഈ നിർണായക കാര്യങ്ങൾ പരിഗണിക്കുന്നതിൽ ശിശുക്ഷേമ സമിതി പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. ഭർത്താവല്ലാതെ മറ്റൊരാളുടെ കൂടെയാണ് കുട്ടിയുടെ മാതാവ് ജീവിക്കുന്നതെന്നത് സമിതി പരിഗണിക്കേണ്ട കാര്യമല്ല. ധാർമിക തീരുമാനങ്ങൾ ഇത്തരം കേസുകളിൽ അന്വേഷണത്തിന്‍റെ ലക്ഷ്യത്തെതന്നെ തോൽപിക്കും. കുട്ടിയുടെ താൽപര്യം മാത്രമായിരിക്കണം ലക്ഷ്യം.⁣ ⁣ 2019ൽ വിവാഹിതയായ യുവതിക്ക് കഴിഞ്ഞ വർഷമാണ് കുട്ടിയുണ്ടായത്. ഇതിനുശേഷം ശാരീരിക-മാനസിക പീഡനം ആരോപിച്ച് ഇവർ ഭർത്താവിൽനിന്ന് അകന്ന് സ്വന്തം വീട്ടിലേക്ക്​ പോവുകയും ഭർതൃമാതാവിന്‍റെ രണ്ടാം ഭർത്താവിനൊപ്പം താമസം തുടങ്ങുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. തുടർന്നാണ് കുട്ടിയെ വിട്ടുകിട്ടാൻ യുവതി കോടതിയെ സമീപിച്ചത്.⁣

Latest News

latest News