logo
AD
AD

മൈനാഗപ്പള്ളി അപകടം: കാറിന് ഇൻഷുറൻസില്ലായിരുന്നു; അപകട ശേഷം പുതുക്കി

കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയ കാറിന് അപകട ദിവസം ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കി. ഒന്നാം പ്രതി അജ്മലിൻ്റെ സുഹൃത്തിൻ്റെ അമ്മയുടെ പേരിലുള്ളതാണ് കാർ. കഴിഞ്ഞ വർഷം ഡിസംബർ മുപ്പതിന് അവസാനിച്ചതായിരുന്നു ഇൻഷുറൻസ്. കഴിഞ്ഞ ഞായർ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓൺലൈൻ വഴി പതിനാറാം തീയതിയാണ് കാറിൻ്റെ ഇൻഷുറൻസ് പുതുക്കിയത്. ഇൻഷുറൻസ് പുതുക്കിയതിലും ഉടമ, അജ്മലിന് വാഹനം കൈമാറിയതിലും ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്. അജ്മലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടർ വാഹന വകുപ്പും തുടങ്ങി.

അതേസമയം, കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് ആവശ്യപ്പെടും. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനപ്പൂർവ്വമുള്ള നരഹത്യാകുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

latest News