മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.
ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്. മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
കുടുംബം സഞ്ചരിച്ച ജി എം സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.
