നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ; ബജറ്റ് 29ന്
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇൗ മാസം 20 മുതൽ. 15ാം കേരള നിയമസഭയുടെ 16ാം സമ്മേളനം 20 മുതൽ വിളിച്ചുചേർക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമായും ബജറ്റ് അവതരിപ്പിക്കുന്നതിനാണു സമ്മേളനം ചേരുന്നത്. 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കും. അന്തരിച്ച പ്രമുഖർക്കും മുൻ നിയമസഭാംഗങ്ങൾക്കുമുള്ള ചരമോപചാരം 21ന്. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച 22ന് നടക്കും. 29ന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കും. സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും ഒരു മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഒരുങ്ങുന്നത്. ബജറ്റിൻ മേലുള്ള ചർച്ചയാണ് തുടർന്നു സഭയിൽ നടക്കേണ്ടത്. എന്നാൽ, വിശദമായി ചർച്ചചെയ്തു സഭ പാസാക്കും മുൻപുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇടയുണ്ട്. അതിനാൽ മുഴുവൻ ബജറ്റ് പാസാക്കാതെ 6 മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് സാധ്യത. 2021ൽ ഫെബ്രുവരി 26ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 6ന് ആയിരുന്നു വോട്ടെടുപ്പ്. മേയ് 2ന് വോട്ടെണ്ണൽ നടന്നു. മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിരുന്നു.
