logo
AD
AD

ദേശീയ സരസ് മേളയുടെ പച്ചക്കറി കൃഷി വിളവെടുത്തു

ചാലിശ്ശേരിയില്‍ ജനുവരി രണ്ടിന് ആരംഭിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ഭാഗമായി തൃത്താല മണ്ഡലത്തില്‍ ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ ചിറ്റപ്പുറത്ത് നടന്ന വിളവെടുപ്പ് ഉത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പി വി വിനീഷിന്റെ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരയാണ് വിളവെടുത്തത്.

സുസ്ഥിര തൃത്താല പദ്ധതിയിലുള്‍പ്പെടുത്തി 150 ഏക്കര്‍ ഭൂമിയിലാണ് സരസ് മേളയ്ക്ക് ആവശ്യമായ പച്ചക്കറിയൊരുക്കിയത്. 100 ഏക്കര്‍ സ്ഥലത്ത് തൃത്താല മണ്ഡലത്തിലെ വിവിധ കര്‍ഷകരും, 50 ഏക്കര്‍ സ്ഥലത്ത് കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുമാണ് കൃഷിയൊരുക്കിയത്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഓണം, റംസാന്‍ , വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കാര്‍ഷിക കാര്‍ണിവല്ലിന്റെ വിജയം ഉള്‍കൊണ്ടാണ് സരസ് മേളയ്ക്കും പച്ചക്കറി കൃഷിയൊരുക്കിയത്.

പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിരേഖ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം പി മനോജ്, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി സെയ്തലവി, കൃഷി അസി. ഡയറക്ടര്‍ മാരിയത്ത് കിബിത്തിയ, ബ്ലോക്ക് ബിഡിഒ കെ കെ ചന്ദ്രദാസ്, കൃഷി ഓഫീസര്‍ എം എസ് ശ്രീലക്ഷ്മി, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

latest News