logo
AD
AD

പട്ടാമ്പി നേർച്ചക്കിടെ ആനയിടഞ്ഞു; മധ്യ വയസ്കന്റെ കാലിൽ കമ്പി തുളഞ്ഞു കയറി; വാൽ പിടിച്ച് വലിച്ച് ആനയെ നിർത്തിക്കാൻ ശ്രമം

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാർദ-സാംസ്‌കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് ‘പേരൂർ ശിവൻ’ എന്ന ആന ഇടഞ്ഞത്. മേലെ പട്ടാമ്പിയിൽനിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കി.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലിൽ പിടിച്ച് വലിച്ച് ഏറെ ദൂരം ഓടിയാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേർ തിക്കിലും തിരക്കിലുംപെട്ടു താഴെ വീഴുകയും ചെയ്തു.

അതിനിടെ, ആനയെ ഭയന്ന് സമീപത്തെ സ്കൂൾ ഗേറ്റിന് മുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യ വയസ്കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കമ്പി മുറിച്ചാണ് പ്രദേശവാസികളും പൊലീസും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം കൂറ്റനാട് നേർച്ചക്കിടെ ആന വിരണ്ട് പാപ്പാനെ കുത്തിക്കൊന്നിരുന്നു.

Latest News

latest News