ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു
പാലക്കാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.പി.സി.എല്‍ കഞ്ചിക്കോട് എല്‍പിജി ടെര്‍മിനലുമായി സഹകരിച്ച് ലെവല്‍ 3 ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. ബി.പി.സി.എല്‍-കഞ്ചിക്കോട് ടെര്‍മിനലില്‍ നിന്ന് ലോഡ് ചെയ്തു പുറപ്പെട്ട എല്‍പിജി ടാങ്ക് ലോറി ആലാമരം സിഗ്‌നലിനു സമീപം ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് പ്രഷര്‍ ഗേജ് പൊട്ടി ഗ്യാസ് ചോര്‍ച്ചയുണ്ടാവുകയും, തീ പിടിക്കുകയും ചെയ്ത സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് ഡ്രില്‍ സംഘടിപ്പിച്ചത്.
എല്‍പിജി ചോര്‍ച്ച കൈകാര്യം ചെയ്യുന്നതിനും, ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ഏകോപിത പ്രതികരണവും അടിയന്തര തയ്യാറെടുപ്പ് സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും പരീക്ഷിക്കുകയായിരുന്നു മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്ത മോക്ക് ഡ്രില്‍, ബി.പി.സി.എല്‍ എല്‍പിജി ടെര്‍മിനലില്‍ ടേബിള്‍-ടോപ്പ് മീറ്റിങ്ങോടെയാണ് ആരംഭിച്ചത്.
എ.ഡി.എം കെ സുനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജ് ഓഫീസര്‍ പി ശിവന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശ്യാം ഗോപിനാഥ്, ബി.പി.സി.എല്‍ ടെര്‍മിനല്‍ സീനിയര്‍ മാനേജര്‍ എന്‍.പി അരവിന്ദാക്ഷന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലില്‍ പങ്കാളികളായി.
