logo
AD
AD

മലപ്പുറം ജില്ലാ ആരോഗ്യ കര്‍മസമിതി യോഗം ചേര്‍ന്നു

മലപ്പുറം: ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അവലോകനം, മഴക്കാല പൂര്‍വ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍, എച്ച്.പി.വി, ജെ.ഇ. വാക്‌സിനുകളുടെ അവലോകനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ആരോഗ്യ കര്‍മസമിതി യോഗം ചേര്‍ന്നു.⁣ ⁣ മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യസംസ്‌കരണം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഉടന്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക്, എലി തുടങ്ങിയവയുടെ പ്രജനന സ്രോതസ് നശിപ്പിക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മഴക്കാല പുര്‍വ ശുചീകരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. ഇതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം മാര്‍ച്ച് 11ന് ചേരും.⁣ ⁣ ജില്ലയില്‍ ജന്തുരോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും അത് മൂലമുണ്ടാകുന്ന മരണങ്ങളും യോഗം ചര്‍ച്ച ചെയ്തു. തൊഴില്‍, ഡയറി, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, പ്ലാനിങ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇതിനായി ബോധവത്ക്കരണം നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക യോഗം വിളിക്കും. ⁣ ⁣ ഫെബ്രുവരി 28ന് ആരംഭിച്ച ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള എച്ച.പി.വി. വാക്‌സിന്‍ ക്യാംപയിന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ആദ്യഘട്ടത്തില്‍ 14 വയസ് പൂര്‍ത്തിയായതും 15 തികയാത്തവരുമായ ജില്ലയിലെ 40185 പെണ്‍കുട്ടികളിലാണ് വാക്‌സിന്‍ നല്‍കി വരുന്നതെന്നും ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ എന്‍.എന്‍. പമീലി യോഗത്തില്‍ അറിയിച്ചു. മാര്‍ച്ച് 30നാണ് ക്യാംപയിന്‍ അവസാനിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്. ഇത് പിന്നീട് നിര്‍ബന്ധിത വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഡോ. പമീലി പറഞ്ഞു.⁣ ⁣ ജനുവരി 12ന് ഒന്നു മുതല്‍ 15 വയസുവരെയുള്ള കുട്ടികളില്‍ ആരംഭിച്ച ജെ.ഇ. വാക്‌സിന്‍ 10.45 ശതമാനമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 1210996 കുട്ടികള്‍ക്കായിരുന്നു നല്‍കാന്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കാത്തത് വാക്‌സിന്‍ ലക്ഷ്യത്തിലെത്താന്‍ വൈകുന്നതിന് ഒരു കാരണമാണെന്നും മാര്‍ച്ച് ഒന്നു മുതല്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാകുമെന്നും ആര്.സി.എച്ച്.ഓഫീസര്‍ അറിയിച്ചു.

latest News