വിശാഖപട്ടണത്ത് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്ലോട്ടിംഗ് പാലം ഒലിച്ചുപോയി; മോക്ഡ്രില്ലിന്‍റെ ഭാഗമെന്ന് സര്‍ക്കാര്‍
വിശാഖപട്ടണം: വിശാഖപട്ടണത്ത് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്ലോട്ടിംഗ് പാലത്തിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. എന്നാല്‍ ഇത് മോക്ഡ്രില്ലിന്‍റെ ഭാഗമായി ചെയ്തതാണെന്ന വാദവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി. ഞായറാഴ്ചയാണ് സംഭവം. തുറമുഖ നഗരത്തിലെ പ്രശസ്തമായ ആര്‍.കെ ബീച്ചില്‍ സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് മുതിർന്ന വൈഎസ്ആർസിപി നേതാവും രാജ്യസഭാംഗവുമായ വൈ വി സുബ്ബ റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂര്‍ പോലും തികയുന്നതിനു മുന്‍പ് പാലത്തിന്‍റെ തകര്‍ന്ന ഭാഗം കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി. പ്രതിപക്ഷമായ ടിഡിപി ഇതിനെതിരെ രംഗത്തെത്തുകയും ഇത് വൈഎസ്ആർസിപി സർക്കാരിന് വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു. "ഉയർന്ന വേലിയേറ്റം കാരണം, പാലത്തിൻ്റെ ടി ആകൃതിയിലുള്ള വ്യൂവിംഗ് പോയിൻ്റ് വേർപെടുത്തി അതിൻ്റെ സ്ഥിരത പരിശോധിക്കുന്നതിനായി ആങ്കറുകൾക്ക് സമീപം സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ചിലർ പാലത്തിനും വ്യൂവിംഗ് പോയിൻ്റിനും ഇടയിലുള്ള വിടവിൻ്റെ ചിത്രങ്ങൾ പകർത്തി ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്ന് ആരോപിക്കുന്നു, ഇത് തെറ്റാണ്'' തിങ്കളാഴ്ച വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (വിഎംആർഡിഎ) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഒരു മോക്ക് ഡ്രില്ലിൻ്റെ ഭാഗമായാണ് പാലം വേർപെടുത്തിയതെന്ന് വിഎംആർഡിഎ അവകാശപ്പെട്ടു. ശക്തമായ തിരയടിക്കലില്‍ ഇതൊരു സാധാരണ സാങ്കേതിക നടപടിക്രമമാണെന്നും ചൂണ്ടിക്കാട്ടി.കൂടാതെ, ഭാവിയിലും മോക്ക് ഡ്രില്ലുകളുടെ ഭാഗമായി ആവശ്യമുള്ളപ്പോഴെല്ലാം പാലം വേര്‍പെടുത്തുമെന്നും അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പാലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും കാലാവസ്ഥ മാറ്റവും വേലിയേറ്റവും മൂലം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ഫ്ലോട്ടിംഗ് ബ്രിഡ്ജ് സംബന്ധിച്ച് ടിഡിപി വ്യാജ പ്രചരണം നടത്തുകയാണെന്ന് വ്യവസായ മന്ത്രി ജി അമർനാഥ് പറഞ്ഞു.