ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു
വ്യവസായ മേഖലയിൽ കേരളം ഭാവിയിൽ ഒരു ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയിൽ 12 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കായ 'ജനീവ ഇൻഡസ്ട്രിയൽ സോണി'ന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി കേരളം രാജ്യത്തിന് മാതൃകയായിരിക്കുകയാണ്. ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതികൾ കേവലം വ്യവസായ കേന്ദ്രങ്ങൾ എന്നതിലുപരി വലിയൊരു 'ഇക്കോസിസ്റ്റം' തന്നെ രൂപപ്പെടുത്തും. അടുത്ത 15 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന ഹൈടെക് കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂറുകോടി രൂപയോളം നിക്ഷേപവും ആയിരത്തിലധികം പേർക്ക് തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വ്യവസായ പാർക്ക് ആരംഭിക്കുന്നത്.
ചടങ്ങിൽ പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ, വാർഡ് അംഗം വി. രാജേഷ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനീവ ഇൻഡസ്ട്രിയൽ സോൺ മാനേജിംഗ് പാർട്ണർ മിഥുൻ മിലാഷ്, പാർട്ണർമാരായ ജോസ്‌വിൻ പോൾ, മുജീബ് റഹ്മാൻ, എം.എ മുഹമ്മദ്കുഞ്ഞ് മുച്ചേത്ത് എന്നിവർ പങ്കെടുത്തു.
