logo
AD
AD

മഞ്ഞപ്പിത്ത രോഗ ഭീതിയിൽ ഓങ്ങല്ലൂർ പഞ്ചായത്ത്

ഓങ്ങല്ലൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നിലവിൽ പഞ്ചായത്തിൽ 35 പേർക്ക് രോഗം സ്ഥിരികരിച്ചു. ഇതിൽ 13വയസ്സുകാരിയുടെ നില ഗുരുതരമാണ്. പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന പഴഞ്ചിരികുന്നിലാണ് മഞ്ഞപ്പിത്തം പ്രധാനമായും പടർന്ന് പിടിക്കുന്നത്.⁣ ⁣ രണ്ടാഴ്ച മുൻപ് തന്നെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങി. എന്നാൽ 13 വയസ്സുകാരിക്ക് രോഗം ഗുരുതരമായതോടെയാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്ന സാഹചര്യം മനസിലാക്കാനായത്. വെളളത്തിൽ നിന്നോ, ഭക്ഷണത്തിൽ നിന്നോമാകാം രോഗം പടർന്നതെന്ന നിഗമനത്തിലാണ് അധികൃതർ. ബോധവത്കരണം ഉൾപ്പെടെയുളള പ്രതിരോധ പ്രവർത്തനങ്ങളും വാർഡിൽ നടപ്പാക്കി വരുന്നുണ്ട്. രോഗബാധിതർക്ക് പ്രത്യേക പരിചരണം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ⁣ ⁣ ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗവ്യാപനമറിയാനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 14പേരുടെ രക്തം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ. വിദ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശങ്ക വേണ്ടയെന്നും ജാഗ്രത പുലർത്തണമെന്നും ഡോ.കെ.ആർ. വിദ്യ അറിയിച്ചു. ⁣ ⁣ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ൻ, സ്ഥിരം സമിതി അധ്യക്ഷ ജലജ ശശികുമാർ, പഞ്ചായത്ത് അംഗം മുജിബൂദ്ദീൻ, കൊപ്പം മെഡിക്കൽ ഓഫീസർ ലിനാകുമാരി, ഓങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശ്രീകുമാർ, ഹെൽത്ത് ഇൻസ്‌പെകടർ മനോജ്കുമാർ, ഹെൽത്ത് സൂപ്പർ വൈസർ ഗോപിനാഥ്, കൊപ്പം ഹെൽത്ത് ഇൻസ്‌പെക്ടർ അജി ആനന്ദ്, തുടങ്ങിയവർ സംസാരിച്ചു.

latest News