പൊന്നാനിയിൽ കുടുംബശ്രീ 'ഹോംഷോപ്പ്' പദ്ധതിക്ക് തുടക്കമായി
എടപ്പാൾ: സ്ത്രീകൾ നിർമ്മിക്കുന്ന വിഷമുക്തമായ ഉൽപ്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിച്ച് വിപണനം നടത്തുന്ന കുടുംബശ്രീയുടെ 'ഹോംഷോപ്പ്' പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി. വനിതാ സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എടപ്പാൾ അംശക്കച്ചേരിയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഓരോ വാർഡിലും കുറഞ്ഞത് രണ്ട് ഹോംഷോപ്പുകൾ വീതം സ്ഥാപിച്ച് അൻപതിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. നിലവിൽ 25-ലേറെ ഉൽപാദന യൂണിറ്റുകൾ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മികച്ചൊരു വിപണി ഇതിലൂടെ ലഭിക്കും.
