'ലൈഫ്' മാതൃകാ പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്; 303 വീടുകളുടെ തറക്കല്ലിടൽ മന്ത്രി നിർവഹിച്ചു
'ലൈഫ്' ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടുപാറയിൽ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303 വീടുകളുടെ തറക്കല്ലിടല്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 20,000 വീടുകളുടെ താക്കോൽ കൈമാറ്റം മെയ് നാലിന് കൊല്ലത്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ 20,000 കേന്ദ്രങ്ങളിൽ ഇതോടനുബന്ധിച്ചുള്ള താക്കോൽ കൈമാറ്റ ചടങ്ങുകൾ നടക്കുമെന്നും കൂടാതെ അന്ന് തന്നെ 41,134 പുതിയ കരാറുകൾ വെക്കുമെന്നും മന്ത്രി പറഞ്ഞു. 3,40,041 ലൈഫ് വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം മുപ്പതിനായിരം പേർക്ക് ലൈഫ് വീടിനുള്ള കരാർ വയ്ക്കുന്നതോടെ നാലര ലക്ഷത്തോളം ആളുകൾക്കാണ് സംസ്ഥാനത്ത് സ്വന്തമായി വീടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളയൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി ആകെ ലഭിച്ച 573 അപേക്ഷകളിൽ 270 പേർക്കുള്ള ധനസഹായം ഇതുവരെ വിതരണം ചെയ്തു. 303 വീടുകളുടെ തറക്കല്ലിടൽ നടത്തി. അപേക്ഷിച്ച മുഴുവൻ പേർക്കും വീട് യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പേരടിയൂര്‍ ഓടുപാറ ലക്ഷം വീട് കോളനിയിലെ 24 കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള 303 വീടുകളുടെ തറക്കല്ലിടലാണ് മന്ത്രി നിര്‍വഹിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍എ. അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ ഉണ്ണികൃഷ്ണന്‍, രാജി മണിക്ണഠന്‍, ഫെബിന അസ്ബി, ഗ്രാമപഞ്ചായത്ത് അംഗം നീലടി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സരിത, തസ്ലീമ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എന്‍ നാരായണന്‍, വി.ഇ.ഒ കെ. ജിതീഷ് കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി. ഉമ്മര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.