കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തൽ: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്

കോഴിക്കോട് കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.
1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്.