logo
AD
AD

'എയർ ഇന്ത്യ വിമാനം പൈലറ്റ് മനപ്പൂർവം തകർത്തതാകാം': ഗുരുതര ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ മോഹൻ രംഗനാഥൻ

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ കോക്പിറ്റിനകത്തെ മനപൂർവമായ മനുഷ്യ ഇടപെടലുണ്ടാകാമെന്ന അതീവ ഗുരുതര ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. എയര്‍ ഇന്ത്യ വിമാനാപകടം മനപ്പൂര്‍വമായ മനുഷ്യപ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കാമെന്നാണ് എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ അദ്ദേഹം ആരോപിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളായാണ് മോഹന്‍ രംഗനാഥന്‍ അറിയപ്പെടുന്നത്. ഇന്ധന കട്ട്ഓഫ് സ്വിച്ചുകളുടെയും കോക്ക്പിറ്റ് ഓഡിയോയുടെയും ക്രമം ചൂണ്ടിക്കാണിച്ച അദ്ദേഹം, കോക്ക്പിറ്റില്‍ മനപ്പൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. പൈലറ്റുമാരിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. ആത്മഹത്യ പോലും ഇക്കാര്യത്തില്‍ സംശയിക്കാമെന്നും മോഹന്‍ രംഗനാഥന്‍ പറഞ്ഞു.

ഇന്ധന സ്വിച്ച് യാന്ത്രികമായി മാറില്ല. അത് ഒരു സ്ലോട്ടിൽ നിന്ന് മറ്റൊരു സ്ലോട്ടിലേക്ക് മാറ്റേണ്ടതുണ്ട്, അത് മനഃപൂർവമായി ചെയ്തതാവാനെ വഴിയുള്ളൂ- അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകടകാരണമെന്നാണ് എഎഐബിയുടെ(എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) പ്രാഥമിക കണ്ടെത്തൽ. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ ഇന്ധന സ്വിച്ചുകൾ രണ്ടും കട്ട് ഓഫ് ചെയ്തത് ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. ഇന്ധന സ്വിച്ചുകൾ കട്ട്‌ ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് സഹ പൈലറ്റിനോട് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നതും, ഞാൻ ഓഫ് ചെയ്തിട്ടില്ല എന്ന മറുപടിയും കോക്പിറ്റ് റെക്കോർഡുകളിൽ വ്യക്തമാണ്.

അതേസമയം രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നെങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാവുകയാണ്. ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകൾ എങ്ങനെ കട്ട് ഓഫ് ആയി എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിനിടെ, അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. അതേസമയം പ്രാഥമിക റിപ്പോർട്ടിൽ ഊഹാപോഹങ്ങൾ സൃഷ്ടിക്കരുതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ പിഴവ് പൈലറ്റ് മാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്ന് പൈലറ്റ് അസോസിയേഷനുകൾ വ്യക്തമാക്കി.

Latest News

latest News