വോട്ടെണ്ണലിനായി പാലക്കാട് ഒരുങ്ങി; വോട്ടെണ്ണല്‍ വിക്ടോറിയ കോളേജില്‍
പാലക്കാട്: വോട്ടെണ്ണലിനായി പാലക്കാട് സജ്ജീകരണങ്ങൾ പൂർത്തിയായി. പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്നത് വിക്ടോറിയ കോളേജിലാണ്. ത്രിതല സുരക്ഷാ സംവിധാനത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.
കോളേജിലെ പുതിയ ലൈബ്രറി കോംപ്ലക്സിന്റെ താഴെ നിലയിലും ഒന്നാം നിലയിലും ആണ് പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുക. പഴയ അക്കാദമിക് ബ്ലോക്കിൽ ആലത്തൂർ മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കും. പാലക്കാടിനും ആലത്തൂരിനുമായി 14 വീതം എണ്ണൽ മേശകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉച്ചയോടെ പൂർണഫലം അറിയാൻ ആകും എന്നാണ് കലക്ടർ പറയുന്നത്.
2400 ജീവനക്കാരെയാണ് വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. വിജയിച്ച പാർട്ടിയുടെ ആഹ്ലാദപ്രകടനം അതിരു കടക്കാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങളും ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്.