logo
AD
AD

'കാപ്പ' കര്‍ശനമാക്കി പാലക്കാട് ജില്ലാ പൊലീസ്; 61 പേര്‍ കരുതല്‍ തടങ്കലില്‍

പാലക്കാട്: ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരമുള്ള നടപടികള്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ അറിയിച്ചു. 2007-ലെ കാപ്പ നിയമപ്രകാരം വിവിധ വകുപ്പുകളിലായി ആകെ 213 ശുപാര്‍ശകളാണ് ജില്ലയില്‍ നിന്ന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പൊലീസ് മേധാവി നല്‍കിയ 98 ശുപാര്‍ശകളില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 61 പ്രതികളെ 2025-ല്‍ കരുതല്‍ തടങ്കലിലാക്കി. ലഹരിക്കടത്ത്, ഹൈവേ കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് ഈ നടപടി.

കരുതല്‍ തടങ്കലിലായവരില്‍ 19 പേര്‍ രാസലഹരിയും കഞ്ചാവും കടത്തിയ കേസുകളിലെ പ്രതികളാണ്. കൂടാതെ എട്ടുപേര്‍ ഹൈവേ കവര്‍ച്ചാ കേസുകളിലും, നാലുപേര്‍ കൊലപാതകക്കേസുകളിലും, മൂന്നുപേര്‍ വധശ്രമക്കേസുകളിലും ഉള്‍പ്പെട്ടവരാണ്. നിലവില്‍ 34 പേര്‍ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലില്‍ തടങ്കലിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കരുതല്‍ തടങ്കലിന് പുറമെ തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ച 115 ശുപാര്‍ശകളില്‍ 103 പേര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള സഞ്ചാര നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. ഇതില്‍ 24 പേര്‍ക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 17 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.

latest News