മാലിന്യ സംസ്കരണ പദ്ധതി റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച് മലപ്പുറം നഗരസഭ
സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. മലപ്പുറം നഗരസഭയുടെ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മൽ ട്രെഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കർ ഭൂമിയിൽ നിന്ന് 9786 മെട്രിക് ടൺ മാലിന്യം വേർതിരിച്ചെടുത്ത് ഭൂമി പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് സർവകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരണ ഘട്ടത്തിലെത്തിയത്.
പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്കരണ പ്ലാൻ്റായി ഉപയോഗിച്ചിരുന്ന ഭൂമി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഭൂമിയായി തിരിച്ചെടുക്കാനാവും. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 11.40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ തന്നെ മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്നത്. ബയോ മൈനിങ് പ്രക്രിയ പൂർത്തിയാകുന്നതോടുകൂടി തിരികെ ലഭിക്കുന്ന ഭൂമിയിൽ കാലാനുസൃതമായ പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള ആസൂത്രണവും നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തും.
ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി വിവിധ കോർപ്പറേഷൻ, നഗരസഭകളിലായി നടപ്പിലാക്കുന്ന 22 പദ്ധതികളിൽ ആദ്യമായി പൂർത്തിയാകുന്നത് മലപ്പുറം നഗരസഭയിലാണ്. ബയോമൈനിംഗ് പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് സമീപ സംസ്ഥാനങ്ങളിലെ സിമൻ്റ് ഫാക്ടറികളിലേക്ക് ഉൾപ്പെടെ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.