ജൽജീവൻ മിഷൻ: പൂർത്തീകരണം വൈകുന്നതിൽ വിമർശനം

കേന്ദ്ര-സംസ്ഥാന സംയുക്ത കുടിവെള്ളപദ്ധതിയായ ജൽജീവൻ മിഷന്റെ പൂർത്തീകരണം വൈകുന്നതിൽ പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. പൈപ്പിടൽ തോന്നിയപോലെയാണെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. പരാതിപറയുമ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാത്ത സ്ഥിതിയാണെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു. കൊപ്പം പഞ്ചായത്തിൽ പദ്ധതി പൂർത്തിയാക്കിയ ഭാഗങ്ങളിൽ കുടിവെള്ളം പമ്പ് ചെയ്യുന്ന വലിയ പൈപ്പുകൾ ഇടയ്‌ക്കിടെ പൊട്ടുന്നതായും പരാതിയുയർന്നു. വിളയൂർ-കൊപ്പം സമഗ്ര കുടിവെള്ള പദ്ധതിയുടെ പുതിയ കിണർനിർമാണം ഉടൻ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കൊപ്പം മൃഗാശുപത്രിയോട് ചേർന്നുള്ള മണ്ണെടുപ്പ് കെട്ടിടത്തിന് ഭീഷണിയാവുന്നുണ്ടെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്താൻ യോഗം നിർദേശിച്ചു. റവന്യൂ, പൊതുമരാമത്ത് വകുപ്പധികൃതർ സംയുക്ത പരിശോധന നടത്തണമെന്നും യോഗം നിർദേശിച്ചു. വിവിധ കൃഷിഭവനുകളിൽ മതിയായ ജീവനക്കാരില്ലാത്തതും വിളയൂർ-കൂരാച്ചിപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനായി. പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഗിരിജ, എ. ആനന്ദവല്ലി, എ.പി.എം. സക്കരിയ, അബ്ദുൾ അസീസ്, എം.ടി. മുഹമ്മദാലി, തഹസിൽദാർ ടി.പി. കിഷോർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വകുപ്പധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.