ഫണ്ട് തിരിമറി: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ നടപടിക്ക് ശിപാർശ
പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ നടപടിക്ക് ശിപാർശ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയാണ് സംസ്ഥാന കമ്മറ്റിയോട് ശിപാർശ ചെയ്തത്. മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണത്തിലെ ഫണ്ട് തിരിമറിയും, സഹകരണ സ്ഥാപന നിയമനങ്ങളിലെ ക്രമക്കേടും ചൂണ്ടികാട്ടിയാണ് നടപടി. സി.പി.എം നേതാവ് പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി മരവിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. എം ശശിക്ക് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശിക്കെതിരെ സംസ്ഥാന കമ്മറ്റിയാണ് നടപടി സ്വീകരിക്കേണ്ടത്. നിലവിൽ കെ.ടി.ഡി.സി ചെയർമാനായ ശശിയെ ആ സ്ഥാനത്ത് നിന്നു മാറ്റാനും സാധ്യതയുണ്ട്.