logo
AD
AD

പ്രകൃതിവിരുദ്ധ പീഡനം: 53കാരന് 60 വർഷം കഠിനതടവും പിഴയും

നിലമ്പൂർ : 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ 53 വയസ്സുകാരന് 60 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. മരുത പട്ടണം ഷമീർബാബുവിന്‌ എതിരേയാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷവിധിച്ചത്.

2020-ലാണ് കേസിനാസ്‌പദമായ സംഭവം. 13 വയസ്സുമാത്രമുള്ള കുട്ടിയെ റബ്ബർതോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്നാണു കേസ്. നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി കെ.പി. ജോയ് ആണ് ശിക്ഷവിധിച്ചത്.

വഴിക്കടവ് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന കെ. ശിവൻ രജിസ്റ്റർചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന പി. അബ്ദുൽബഷീർ ആണ് അന്വേഷണംനടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എ. അബൂബക്കർ കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി.‌ പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.

latest News