ഭിന്നശേഷി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഡ്യൂട്ടിയിലുള്ള ജില്ലയിലെ ഭിന്നശേഷി ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളിലെ ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിയില്‍ ഉള്ളവരും റിസര്‍വിലുള്ളവരുമായി 25 ഓളം പേര്‍ പങ്കെടുത്തു. റാംപ് അടക്കം മികച്ച സൗകര്യങ്ങളൊരുക്കണമെന്നും റിസര്‍വിലുള്ള ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിന് നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞീതുട്ടി നേതൃത്വം നല്‍കി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരിശീലനം നല്‍കി.
ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസിവ് പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. മഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട മഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍-138), മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ. കോളേജ് (ബൂത്ത് നമ്പര്‍-152), വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 74) എന്നിവയാണ് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ പോളിങ് ബൂത്തുകളായി നിശ്ചയിച്ചത്. പലവിധ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇന്‍ക്ലൂസീവ് ബൂത്തുകള്‍ ഒരുങ്ങുന്നത്.
