പാലക്കാട് ജില്ലാ കളക്ടറായി കെ. സുധീർ ചുമതലയേറ്റു
പാലക്കാട് ജില്ലാ കളക്ടറായി കെ. സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സർക്കാർ സേവനം ആരംഭിച്ചത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്.
ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദുവാണ് ഭാര്യ. മീനാക്ഷി, മേഘ എന്നിവർ മക്കളാണ്.
